കവരത്തി: ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമായി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. പണിമുടക്കിനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അതേ സമയം നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പ്രമേഹം പോലെയുള്ള് രോഗങ്ങൾ ഉള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടിവന്നാൽ സംവിധാനമൊരുക്കാനും നിർദേശം. മുൻകരുതൽ ഉണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി.
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കുന്നത്. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു.