ന്യൂഡൽഹി: കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള അധികാര തർക്കം മുറുകുകയാണ്. അതിനിടെ പുതിയ വിവാദം എത്തിയിരിക്കുകയാണ്. ഡൽഹി സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ വാതില്പടി റേഷൻ വിതരണത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി റിപോർട്ടുകൾ.
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയില്ലെന്ന് ആംആദ്മി സർക്കാർ വെളിപ്പെടുത്തി. ഡൽഹിയിലെ ഓരോ വീട്ടുകാർക്കും അവരുടെ പടിവാതിൽക്കൽ റേഷൻ വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 72 ലക്ഷം പേർക്ക് ഗുണമാകുന്ന പദ്ധതി അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പദ്ധതിക്കെതിരെ രംഗത്ത് എത്തിയത്.
കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്തതിനാൽ ഇത് നടപ്പാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ലെഫ്റ്റന്റ് ഗവർണർ ഫയൽ നിരസിക്കുകയായിരുന്നുവെന്ന് സൂചന. പദ്ധതി നിരസിക്കപ്പെട്ടതോടെ ട്വിറ്ററിൽ കേന്ദ്ര സർക്കാരിന് എതിരായ വലിയ പ്രതിഷേധത്തിന് ആം ആദ്മി തുടക്കമിട്ടു.