രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിൽ ആരോഗ്യത്തിനും ഭക്ഷണത്തിനും തുടങ്ങി പ്രകടന്പത്രികയിൽ പറഞ്ഞപോലെ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഒരുപാടു വികസ പ്രവർത്തങ്ങൾക്കായി കോടികൾ അനുവദിച്ചിട്ടുണ്ട്. സമ്മതിച്ചു അതൊക്കെ ശെരിതന്നെ. എന്നാൽ അന്തരിച്ച മുന്‍ മന്ത്രിമാരായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കെ ആര്‍ ഗൗരിയമ്മയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നു പ്രഖ്യാപനം ബജറ്റിൽ വേണമായിരുന്നോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് തന്നെയാണ്. ഇതിനായി രണ്ടു കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ആർ ബാലകൃഷ്ണപിള്ളക്കും ഗൗരിയമ്മക്കുമെന്നല്ല ആർക്കും പൊതുജനങ്ങളുടെ കാശിൽ നിന്ന് വെറുതെ പ്രതിമകൾ നിർമിക്കേണ്ട കാര്യമില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
മരിച്ചവരോടുള്ള ആദരവ് കാണിക്കുന്നതൊക്കെ വളരെ നല്ല കാര്യം തന്നെയാണ്.ഇവരെല്ലാം ആദരിക്കപ്പെടേണ്ടവർ തന്നെയുമാണ്. എങ്കിലും കോവിഡ് മഹാമാരി ദുരിതം വിതച്ച മേഖലകൾക്ക് ഈ രണ്ടുകോടിയും വലിയൊരു തുക തന്നെയാണ്. 3000 കോടി മുടക്കി പട്ടേൽ പ്രതിമ നിർമിച്ച ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുക. മറ്റ് സംസ്ഥാനങ്ങളുടെ കോവിഡ് കാലത്തെ അവസ്ഥ കണ്ടു പട്ടേൽ പ്രതിമക്ക് കോടികൾ മുടക്കിയവരെ കളിയാക്കിയവരെ വീണ്ടും ഇങ്ങനെ സ്മാരക നിർമാണത്തിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്ന് ഒരു വിമർശനം നേരിടുന്നത് അത്ര നന്നല്ല. ഇന്ത്യൻ റുപ്പീ സിനിമയിൽ തിലകൻ പറയുന്നത് പോലെ ഇപ്പോഴും ഈ രീതികൾ ഒന്നും മാറിയിട്ടില്ല എന്നുള്ളത് ബഹുവിചിത്രമാണ്.