തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും മാര്‍ഗരേഖയും തയാറാക്കി. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര ചികിത്സക്കുമുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തില്‍ കുട്ടികളെ വലുതായി കൊവിഡ് ബാധിച്ചില്ല. 10 ശതമാനത്തിന് താഴെ മാത്രമാണ് രണ്ട് തരംഗത്തിലും കുട്ടികളെ ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.കുട്ടികള്‍ക്ക് വാക്സിന് നല്കാന് കഴിയാത്തതും ഒരു കാരണമാണ്. സംസ്ഥാനത്തെ സംബന്ധിച്ച് സ്കൂള്‍ തുറക്കുന്ന സാഹചര്യമുണ്ടായാലും കുട്ടികളില്‍ രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്കായി സര്‍ജ് പ്ലാനും ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. കൊവിഡ് ബാധിച്ചാല്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും നേരിയ രോഗം വരാനാണ് സാധ്യത. നേരിയ രോഗലക്ഷണമുള്ള കുട്ടികളെ വീട്ടില്‍ തന്നെ ചികിത്സിക്കുന്നതാണ്. കൂടുതല്‍ രോഗലക്ഷണമുള്ള കുട്ടികളെ രോഗത്തിന്റെ തിവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നതാണ്.
ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലാണ് ചികിത്സിക്കേണ്ടത്. മിതമായ രോഗലക്ഷണമുള്ളവരെ എച്ച്.ഡി.യു. (ഹൈ ഡിപ്പന്റന്‍സി യൂണിറ്റ്) സൗകര്യവും ഓക്സിജന്‍ നല്കാന് സൗകര്യവുമുള്ള ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഗുരുതര രോഗലക്ഷണമുള്ളവരെ ടെറിഷ്യറി കെയര്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നതാണ്. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ആശുപത്രികളിലൊരുക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതാണ്.
അതേസമയം കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.