പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ഗവർണറുടെ നിർണ്ണായക നീക്കത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായ അഴിമതിയും ക്രമക്കേടുകളും വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ തന്നെ നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്. ഈ സാഹചര്യത്തിലായിരിക്കാം ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ഗവർണർ കടന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
പി.എസ്.സി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും നിർദ്ദിഷ്ട ലക്ഷ്യങ്ങളിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ചതുകൊണ്ടാണ് സർക്കാരിന് ഇടപെടേണ്ടി വന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രത്തോളം അഴിമതി നിറഞ്ഞ മറ്റൊരു കാലഘട്ടം പി.എസ്.സിക്ക് ഉണ്ടായിട്ടില്ലെന്നും, നിലവിലെ പി.എസ്.സി ഭരണസമിതി മാറണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഇടതുപക്ഷം ഉയർത്തുന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നും പി.എസ്.സി അംഗങ്ങളുടെ നിയമനം സംബന്ധിച്ച തുടർനടപടികൾ സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















