മക്ക അവാര്‍ഡ് ഓഫ് എക്‌സലന്‍സി അവാർഡിന് സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയത്തിന്റെ ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് അര്‍ഹമായി. കൊവിഡ് കാലത്ത് അതിനൂതനമായ സാങ്കേതികവിദ്യയിലൂടെ ഹജ്ജ് തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും ആയാസരഹിതവുമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എളുപ്പമാക്കുന്ന രീതിയിലാണ് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനിച്ചിരിക്കുന്നതെന്ന് സൗദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മസാത്ത് പറഞ്ഞു. തീര്‍ഥാടകരുടെ ക്യാംപുകളില്‍ പ്രവേശിക്കാനും വാഹനങ്ങള്‍ ഉപയോഗിക്കാനും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനും പിഒഎസ് മെഷീനുകളിലും എടിഎം മെഷീനുകളില്‍ ഉപയോഗിക്കുന്നതിനും സാധ്യമാകുന്നതാണ് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ്.
ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് വഴി തീര്‍ഥാടകര്‍ക്ക് റൂമിലേക്കും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും വഴി കണ്ടെത്താനും വഴി തെറ്റിപ്പോയ തീര്‍ഥാടകരെ കണ്ടെത്തുന്നതിനും തിരക്ക് കൂടിയ പ്രദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും സഹായകമാവുമെന്നും അദ്ദേഹം അറിയിച്ചു.
















