മലപ്പുറം: മലപ്പുറത്ത് ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം,തൃശൂർ,എറണാകുളം,മലപ്പുറം എന്നിവിടങ്ങളിലായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപെടുത്തിയിരുന്നത്. എന്നാൽ ഇതിൽ മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ രോഗവ്യാപനം കുറഞ്ഞപ്പോൾ ലോക്ക് ഡൗൺ ഒഴിവാക്കിയിരുന്നു. എന്നാൽ അപ്പോഴും മലപ്പുറത്ത് കേസുകളിൽ വർധന ഉണ്ടായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് മെയ് 30 വരെ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും.
അതേ സമയം മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറഞ്ഞു . 13.3 ശതമാനമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 3,260 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,36,973 ആയി.

















