മലപ്പുറം: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ കർണാടക സ്വദേശിയായ രാജ് മുഹമ്മദ്, സഹായി മുഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകട കാരണമെന്നാണ് നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി വളവിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ എത്തിയാണ് ഇവരെ പുറത്തെടുത്തത്. വളാഞ്ചേരി പോലീസും സ്ഥലത്തെത്തി.
സ്ഥിരം അപകട മേഖലയാണ് വളാഞ്ചേരിയിലെ വട്ടപ്പാറ വളവ്. വളവ് നിവർത്താനുള്ള നടപടികൾ ചെയ്യുമെന്ന് മുൻമന്ത്രി കെ.ടി ജലീൽ ഉൾപ്പെടെയുള്ളവരുടെ വാക്ക് ഇതുവരെ നടപ്പായിട്ടില്ല. കെ.ടി ജലീലിന്റെ വീടിന് സമീപമാണ് വളവ്. എന്നാൽ പ്രദേശം ഉൾപ്പെടുന്നത് ആബിദ് ഹുസ്സൈൻ തങ്ങൾ എംഎൽഎയുടെ മണ്ഡലമായ കോട്ടക്കലിൽ ആണ്.
നാട്ടുകാർ നിരവധി തവണ പ്രതിഷേധിച്ചെങ്കിലും ഇപ്പോഴും വളവ് നിവർത്താൻ നടപതിയായില്ല. മാസത്തിൽ ഒരു അപകടമെങ്കിലും ഇവിടെ നടക്കാറുണ്ട്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും പതിവാണ്.

















