ഇന്ത്യ- ഇംഗ്ലണ്ട് തമ്മില്‍ നടക്കാനിരുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാനൊരുങ്ങി ബിസിസിഐ. പരമ്പര വെട്ടിച്ചുരുക്കുന്നതിനായി ബിസിസിഐ, ഇസിബിയുമായി ചർച്ച നടത്തുകയാണ്.
സെപ്തംബറിൽ നടക്കുന്ന ടി-20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയാൽ ഈ സമയത്തിനുള്ളിൽ ഐപിഎൽ പൂർത്തിയാക്കാൻ കഴിയും.
ഇംഗ്ലണ്ടിൽ തന്നെ ഐപിഎൽ നടത്താനാണ് ശ്രമം. രണ്ടാം ഓപ്ഷനായി യുഎഇയെയും പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചു. 31 മത്സരങ്ങൾ കൂടിയാണ് ഇനി ഐപിഎലിൽ ബാക്കിയുള്ളത്.
ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.