ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്ത് നൽകി. സംസ്ഥാന സർക്കാരിന്റെ 2018 ലെ ശുപാർശ അംഗീകരിക്കണമെന്നും അടിയന്തരമായി ഏഴ് പ്രതികളേയും മോചിപ്പിക്കണമെന്നും കത്തിൽ പറയുന്നു.
തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി പ്രതികൾ ജയില്‍വാസത്തിന്റെ വേദന അനുഭവിക്കുകയാണ്. ജയിലില്‍ കഴിയുന്ന പേരറിവാളന്‍, സുരേന്ദ്രരാജയെന്ന ശാന്തനു, നളിനി, മുരുകന്‍, റോബര്‍ട്ട് പയസ്, ഭാര്യാ സഹോദരന്‍ ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ ഉടൻ മോചിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നാണ് ഗവര്‍ണറുടെ നിലപാട്.