ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ കോവിഡ് പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍, മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും നോക്കുകുത്തികളാക്കിയെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബംഗാള്‍ അടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ ആയി യോഗം ചേര്‍ന്നത്.
യോഗത്തില്‍ പ്രധാനമന്ത്രി മാത്രമാണ് സംസാരിച്ചത്. ഒരാള്‍ മാത്രമായി സംസാരിക്കാന്‍ ആണെങ്കില്‍ പിന്നെന്തിന് യോഗം വിളിച്ചുവെന്നും സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ എല്ലാ മുഖ്യമന്ത്രിമാരും പ്രതിഷേധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ രാജ്യത്ത് കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എങ്ങനെയാണ് ഇത്രയും മരണങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നതെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. അതേസമയം, നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.