ന്യൂഡല്‍ഹി: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
21 അംഗങ്ങളുമായിട്ടാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇവരില്‍ 17 പേരും പുതുമുഖങ്ങളാണ്. ആദ്യം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ സദസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സീതാറാം യെച്ചൂരി, കാനം രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 140-ല്‍ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണമാണ് കരസ്ഥമാക്കിയത്.
ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. എആര്‍.റഹ്മാന്‍, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.