തിരുവനന്തപുരം: പിണറായി വിജയന് തുടര്‍ച്ചയായി രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സീതാറാം യെച്ചൂരി, കാനം രാജേന്ദ്രന്, കോടിയേരി ബാലകൃഷ്ണന് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 140-ല്‍ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണമാണ് കരസ്ഥമാക്കിയത്. ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തെളിഞ്ഞു. എആര്‍.റഹ്മാന്, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.