പാര്‍ട്ടിപ്രവര്‍ത്തന പാരമ്പര്യമില്ലാത്ത കര്‍ഷക കുടുംബത്തില്‍ നിന്നാണ് കെ. രാജന്‍ സിപിഐ പ്രവര്‍ത്തകനായത്. അന്തിക്കാട്ടെ സമരഭൂമിയിൽ ജനിച്ചു വളര്ന്ന രാജനെ തേടിയെത്തിയിരിക്കുന്നത് രണ്ടാം പിണറായി മന്ത്രി സഭയിലെ റവന്യൂ മന്ത്രി എന്ന സ്ഥാനവും. പാർട്ടി അനുഭാവികൾ കൂടിയായ കെ രാജന്റെ മാതാപിതാക്കൾ മുഴുവൻ സമയവും കര്‍ഷകരായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകനാകാന്‍ രാജന്‍ അഭിഭാഷകജോലിയും ഉപേക്ഷിച്ചു.
അന്തിക്കാട് ഗവ.എല്‍.പി. സ്‌കൂളിലും ഹൈസ്‌കൂളിലുമുള്ള പഠന കാലത്ത് തുടങ്ങിയതാണ് രാജന്റെ പ്രസംഗം എന്ന കല. ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും ബാലവേദിയിലൂടെയും ചടയംമുറി സ്മാരകത്തിലെ കെ.ജി. കേളന്‍ ഗ്രന്ഥശാലയിലൂടെയും പൊതുപ്രവര്‍ത്തനരംഗത്തെത്തി. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലുള്ള പഠനകാലത്താണ് നേതൃനിരയിലേക്ക് എത്തിയത്. ഇവിടെനിന്നാണ് എഐഎസ്എഫ് പ്രവര്‍ത്തനത്തില്‍ ഊര്‍ജിതമായത്.
തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമത്തിലും ബിരുദം നേടി. പിന്നീട് തൃശ്ശൂര്‍ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും ഉടന്‍തന്നെ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. തുടര്‍ന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായ രാജന്‍ ഒല്ലൂരില്‍ നിന്ന് കഴിഞ്ഞ തവണത്തെ കന്നിയങ്കത്തില്‍ വന്‍ വിജയം നേടിയിരുന്നു. ഇത്തവണ രണ്ടാമങ്കത്തിലും ഉജ്ജ്വല വിജയമാണ് രാജൻ നേടിയത്.