തിരുവനന്തപുരം: കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന വിവിധ മരുന്നുകൾക്ക് സംസ്ഥാനത്ത് ക്ഷാമം. കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകൾക്കായി മറ്റു സംസ്ഥാനങ്ങൾ കേരള വിപണിയെ ആശ്രയിക്കുന്നതുമാണ് ഇതിന്റെ കാരണം.
കോവിഡ് ഗുരുതരമാകുന്ന രോഗികളില് ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്ന ടെക്സോമെത്തസോൺ,മീഥൈൽ പ്രെഡ്നിസോൾ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകൾ,രക്തം കട്ട പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഹെപാരിൻ വിഭാഗത്തിൽപെടുന്ന മരുന്നുകൾക്കാണ് ക്ഷാമം.
കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികൾക്ക് നൽകുന്ന മരുന്നുകളും വിപണിയിൽ കുറഞ്ഞു തുടങ്ങി.മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്നും പുതിയ സ്റ്റോക്ക് എത്താൻ വൈകുമെന്നും മൊത്തവിതരണക്കാർ പറയുന്നു.