തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച വിജയം നേടിയാണ് അഡ്വ. ആന്റണി രാജു നിയമസഭയില്‍ തിരിച്ചെത്തുന്നത്. ജനാധിപത്യ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തുന്ന ആന്റണി രാജു ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട മണ്ഡലമാണ് ഇത്തവണ തിരിച്ചുപിടിച്ചത്.
1954 നവംബര്‍ 18 ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ ലൂര്‍ദമ്മയുടേയും എസ്. അല്‍ഫോണ്‍സിന്റേയും മകനായി ജനനം. തിരുവനന്തപുരത്തെ സെന്റ് തോമസ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് പ്രീ ഡിഗ്രീ പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയസ് കോളേജില്‍ നിന്ന് ബിരുദവും. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌സിയിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ എസ് സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് തിരുവനന്തപുരം വെസ്റ്റ് നിയോജക മണ്ഡലം പ്രസിഡന്റ്, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1990-ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശംഖുമുഖം ഡിവിഷനില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. കരകൗശല വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ സിമന്റ്സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1996-ല്‍ പഴയ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എംഎം ഹസനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് ബാനറില്‍ നിയമസഭയിലെത്തിയത്. 2016-മുതല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനാണ്.