സിപിഎമ്മിന്റെ സൈദ്ധാന്ധിക മുഖം എം.വി. ഗോവിന്ദന്‍ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിൽ നിന്ന് മന്ത്രിസഭയിലെത്തിയ ഏക അംഗമാണ് എം.വി ഗോവിന്ദൻ. തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് എം.വി ഗോവിന്ദൻ നിയമസഭയിലെത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം അടിയുറച്ച് നിന്ന പാർട്ടിയിലെ മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനായിരിക്കും മന്ത്രിസഭയിലെ രണ്ടാമനാവുക.
രണ്ട് പ്രധാന വകുപ്പുകളായ തദ്ദേശ സ്വയംഭരണവും എക്‌സൈസിസുമാണ് ഗോവിന്ദന് ഇത്തവണ ലഭിച്ചത്.തൊഴിലില്ലായ്മ വേതനമടക്കമുള്ള കാര്യങ്ങളില്‍ വലിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എം.വി ഗോവിന്ദന്‍ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്.
18 വയസ് പൂർത്തിയായപ്പോഴേക്കും പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി ജോലി കിട്ടി. അപ്പോഴേക്കും ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ കെഎസ്‌വൈഎഫിൽ പ്രവർത്തനം തുടങ്ങിയിരുന്നു.ദേശീയതലത്തിൽ ഡിവൈഎഫ്ഐയുടെ നയവും പരിപാടിയും രൂപീകരിക്കാനുള്ള സമിതിയിൽ അംഗമായിരുന്നു. കേരളത്തിൽ സംഘടന രൂപീകരിച്ചപ്പോൾ സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റയി. സംഘടനാ പ്രവർത്തനവും ജോലിയും ഒരുമിച്ചുപോകാത്തതിനാൽ എം വി ഗോവിന്ദൻ ജോലി ഉപേക്ഷിച്ചു.
കണ്ണൂർ ജില്ലയിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരിക്കുമ്പോഴാണ് 1982ൽ കാസർകോട് ഏരിയാ സെക്രട്ടറിയാകാൻ ഗോവിന്ദനെ പാർട്ടി നിയോഗിച്ചത്. പിന്നീട് എറണാകുളം ജില്ലയിലെ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടായപ്പോൾ ആണ് ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല അദ്ദേഹത്തിന് നൽകുന്നത്.കണ്ണൂർ ജില്ലയിൽ ആറു വർഷം പാർട്ടി സെക്രട്ടറിയായിരുന്നു. ദേശാഭിമാനിയുടെ പത്രാധിപസ്ഥാനവും ഇടയ്ക്കു വഹിച്ചു. 1996ലും 2001ലും തളിപ്പറമ്പിൽനിന്ന് എംഎൽഎ ആയി. നിലവിൽ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമാണ് എം വി ഗോവിന്ദൻ.
‘യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ’, ‘കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും’, ‘ചൈനീസ് ഡയറി’, ‘കാടു കയറുന്ന ഇന്ത്യൻ മാവോവാദം’ എന്നി പുസ്തകങ്ങളും എം വി ഗോവിന്ദൻ രചിച്ചു.
ഒന്നാം പിണറായി സർക്കാരിൽ വിവാദമായ ലൈഫ് മിഷനടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്ന ഉത്തരവാദിത്വമാണ് എം.വി ഗോവിന്ദന്റെ മുന്നിലുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച ഓരോ ജോലിയും പൂര്‍ണ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്ന എം.വി. ഗോവിന്ദന്‍ രണ്ടാം പിണറായി മന്ത്രിസഭയിലും ഈ ഉത്തരവാദിത്വങ്ങൾ നിർവഹിക്കും എന്നതിൽ സംശയമില്ല.