തൃശൂരിന്റെ പ്രഥമ വനിതാ മേയര്‍ ആര്‍ ബിന്ദു ഇനി കേരള മന്ത്രിസഭയിലേക്ക്. പതിനാറാം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയില്‍ ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസ മന്ത്രിയാകും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നാണ് ആര്‍ ബിന്ദു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിപിഐ എം തൃശൂര്‍ ജില്ലാകമ്മിറ്റി അംഗമാണ്. കൂടാതെ തൃശൂര്‍ കേരളവര്‍മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരുന്നു. ഈ തസ്തികയില്‍നിന്ന് രാജിവച്ചാണ് ആര്‍ ബിന്ദു ഇരിങ്ങാലക്കുടയില്‍നിന്ന് ജനവിധി തേടിയത്.
2005-10ലാണ് തൃശൂര്‍ കോര്‍പറേഷനില്‍ മേയറായിരുന്നത്. കോര്‍പ്പറേഷനിലെ ആദ്യ വനിതാ മേയര്‍. നഗരത്തില്‍ മാതൃകാപരമായ വികസനം എങ്ങനെ നടപ്പാക്കണമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുതരാന്‍ ആര്‍ ബിന്ദുവിന് സാധിച്ചു. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സഹായവിതരണം പദ്ധതി നടപ്പാക്കി. കൂടാതെ പുനരധിവാസപദ്ധതികള്‍, മാലിന്യനിര്‍മാര്‍ജനപദ്ധതി തുടങ്ങി ഒട്ടേറെ വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനായി. കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.
ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടുകൂടി ബിരുദാനന്തരബിരുദം. പൊതുപ്രവര്‍ത്തനം തുടങ്ങുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ്. എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാര്‍ഥിനി സബ് കമ്മിറ്റി കണ്‍വീനറായിരുന്നു ബിന്ദു. കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു. സര്‍വകലാശാലാ സെനറ്റിലും അംഗമായി പ്രവര്‍ത്തിച്ചു.
സിപിഐ എം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനുമായ എന്‍ രാധാകൃഷ്ണനാണ് പിതാവ്, അമ്മ കെ കെ ശാന്തകുമാരി മണലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയുമായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യയാണ്. മകന്‍ വി ഹരികൃഷ്ണന്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.