തിരുവനന്തപുരം: മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ വേണമെന്ന് നിബന്ധനയിൽ കെ.കെ ശൈലജയ്ക്ക് ഇളവ് നൽകണമെന്ന് സി പി എം സംസ്ഥാന സമിതിയിൽ നിലപാട് എടുത്തത് ഏഴു പേർ.
കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ,പി സതീദേവി തുടങ്ങിയവർ ശൈലജയ്ക്ക് വേണ്ടി വാദിച്ചെങ്കിലും എല്ലാവരും പുതുമുഖങ്ങൾ എന്ന നിർദേശം മുന്നോട്ട് വച്ച പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ വിശദമായ മറുപടി നൽകിയതോടെ ഇവർക്കും ഒന്നും പറയാൻ കഴിയാതെയായി.
കണ്ണൂരിൽ നിന്നും മൂന്ന് പേർക്ക് പുറമെ കെ അനന്തഗോപൻ,കെ കെ ജയചന്ദ്രൻ,കെ പി മേരി,സൂസൻ കോടി എന്നിവർ ശൈലജയ്ക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ശൈലജ ഇല്ലെങ്കിലും പരിചയ സമ്പന്നരായ പുതുമുഖങ്ങൾ ചേർന്നതായിരിക്കും മികച്ച മന്ത്രിസഭയെന്ന് മറ്റു ചില അംഗങ്ങളും നിലപാട് എടുത്തു. ഒരു നിബന്ധന അംഗീകരിച്ചാൽ ഒരാൾക്ക് മാത്രം എങ്ങനെ ഇളവ് നൽകാൻ കഴിയുമെന്ന് കോടിയേരി ചോദിച്ചു.
അത് മറ്റുള്ളവരെ കുറച്ചു കാണുന്നത് പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഇളവുകൾ നൽകുകയാണെങ്കിൽ ആറു പേർക്ക് എങ്കിലും നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ശൈലജയെ ഒഴിവാക്കുന്നത് അനാവശ്യമായ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം ബ്രിന്ദ കാരാട്ടും ചൂണ്ടിക്കാട്ടി.എന്നാൽ സംസ്ഥാന നേതൃത്വത്തിൽ ഇടപെടില്ലെന്നും അവർ വ്യക്തമാക്കി.