ന്യൂഡല്‍ഹി: ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ സാഗര്‍ റാണയെന്ന ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി.
പക്ഷാപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടെന്നും സുശീല്‍ കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു. അതേസമയം, സുശീല്‍ കുമാര്‍ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.
പ്രോസിക്യഷന് വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി പോലീസ് സുശീര്‍ കുമാറിനെ അന്വേഷിക്കുന്നത്. മേയ് നാലിന് മര്‍ദനമേറ്റ സാഗര്‍ അടുത്ത ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
നിലവില്‍ സുശീല്‍ കുമാര്‍ ഒളിവിലാണ്. സുശീൽ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഇന്നലെ ഡല്‍ഹി പോലീസ് പ്രഖ്യാപിച്ചിരുന്നു.