ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുട്ടികള്‍ക്ക് പ്രതിമാസം പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുന്നതു വരെയാണ് പ്രതിമാസം 2,500 രൂപ വീതം നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയ്ക്ക് പുറമേയാണ് ഈ തുക.
“കോവിഡ് കാരണം നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തങ്ങള്‍ തനിച്ചായിപ്പോയെന്നും നിസ്സഹായരാണെന്നും അത്തരം കുട്ടികള്‍ കരുതരുത്. ഞാന്‍ എല്ലായ്‌പ്പോഴും അവരോടൊപ്പം നില്‍ക്കുന്നു.” – അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് ഈ റേഷന്‍ നല്‍കുന്നത്. റേഷന്‍ ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല.
എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലെന്നും മാത്രമല്ല ഇത്തരം ഹ്രസ്വ കാലാവധിക്കുള്ളില്‍ അവ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, സൗജന്യ റേഷന്‍ ആവശ്യപ്പെടുന്ന പാവപ്പെട്ടവര്‍ അത് ലഭ്യമാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.