ജെറുസലേം: ഇസ്രേയലിന് ആക്രമണത്തിനായി വൻ തുകയുടെ അത്യാധുനിക ആയുധങ്ങൾ നൽകി യു എസിലെ ബൈഡൻ ഭരണകൂടം. ഏകദേശം 73.5 കോടി ഡോളറിന്റെ (5300 കോടി) ആയുധങ്ങളാണ് ഇസ്രേയലിന് കൈമാറുക.
യു എസ് കോൺഗ്രസിന്റെ അനുമതി ഇതിനായി വേണ്ടി വരുമെങ്കിലും,അത് തടസ്സമില്ലാതെ കിട്ടിയേക്കാം. ബോംബുകൾ കൂടുതൽ കൃത്യതയുള്ള മിസൈലുകൾ ആക്കുന്ന ജെ. ഡി.എ.എമ്മുകളാണ് ഇതിൽ പ്രധാനം.
ഗാസയിൽ ഇസ്രേയൽ നടത്തുന്ന അക്രമണത്തിലേക്ക് ഇവ കൂടി എത്തുന്നതോടെ നാശനഷ്ട്ടം ഇരട്ടിയാകും.മുൻപും ജെ.ഡി.എ.എമ്മുകൾ ഇസ്രേയലിന് കൈമാറിയിട്ടുണ്ട്. നിലവിലെ ഗാസയിലെ ആക്രമണത്തിന് ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.
വെടിനിർത്താൻ ഇസ്രേയലിന് മേൽ സമ്മർദ്ദം ചെലുത്തേണ്ട ബൈഡൻ ആക്രമണത്തിന് ആയുധങ്ങൾ കൈമാറുന്നതിനെതിരെ യു എസ് കോൺഗ്രസിലെ ചില അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ ഇസ്രേയലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ആക്രമണം തുടരാം എന്നുമാണ് ബൈഡൻ നിലപാട്.ഒൻപതാം ദിവസം നടന്ന ആക്രമണത്തിൽ ഇതുവരെ 61 കുട്ടികൾ ഉൾപ്പെടെ 212 പലസ്റ്റീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ആയുധക്കച്ചവടത്തിന് പുറമെ പ്രതിവർഷം 380 കോടി ഡോളർ (27,821 കോടി രൂപ ) സൈനിക സഹമായി യു എസ് ഇസ്രേയലിന് നൽകുന്നുണ്ട്. മറ്റു രാജ്യങ്ങൾക്ക് സഹായം നൽകാൻ മനുഷ്യാവകാശ സംരക്ഷണം നിബന്ധനയാണെങ്കിൽ ഇസ്രേയലിന് അത് ബാധകമല്ല. വലിയ സാമ്പത്തിക ശക്തിയായി മാറിയ രാജ്യത്തിന് ഇനിയും സഹായം തുടരുന്നതിന് സ്വന്തം കക്ഷിയായ ഡെമോക്രാറ്റിൽ നിന്ന് തന്നെ എതിർപ്പുണ്ട്.
















