തിരുവനന്തപുരം: ഒരു ജെണ്ടർ ക്രിമിനലായ തിരുവനന്തപുരം മുന്‍ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനൊപ്പം വേദി പങ്കിടുന്ന രാഷ്ട്രീയപാർട്ടിനേതാക്കന്മാർ എന്ത് തരം സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (എന്‍.ഡബ്ല്യു.എം.ഐ) കേരള ഘടകം. നിങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പടെ ഉയർത്തിക്കട്ടിയ സ്ത്രീപക്ഷ നിലപടുകൾ വെറും പുറംപൂച്ചാണോ എന്ന് ചോദിക്കേണ്ടി വരുമെന്ന് എന്‍.ഡബ്ല്യു.എം.ഐ പറഞ്ഞു.
ഒരു ക്രിമിനൽ കേസിലെ പ്രതിയെ വെള്ള പൂശി നീതിയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തെ പിന്നോട്ട് അടിക്കരുത് എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അവയെ നയിക്കുന്നവരോടും എന്‍.ഡബ്ല്യു.എം.ഐ അഭ്യർത്ഥിച്ചു.
2019 ൽ തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി ആയിരുന്ന എം രാധാകൃഷ്ണന്‍ തങ്ങളുടെ ഒരു സഹപ്രവർത്തകയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറുകയും ആ മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അവരുടെ ചെറിയ കുട്ടികളുടെ, മുന്നിൽ വച്ച് രാധാകൃഷ്‌ണനും കൂട്ടാളികളും നടത്തിയ ദുരാചാരഗുണ്ടായിസവും അതിക്രമവും തീർത്തും അപലപനീയമാണ് .
പത്രപ്രവർത്തകനായ ഭർത്താവ് നൈറ്റ് ഷിഫ്റ്റിൽ ജോലിയ്ക്കു പോയിരിക്കകയായിരുന്നു. അയാളെ ഫോൺ ചെയ്തു വരുത്താനൊരുങ്ങിയ അവരെ കായികമായി ആക്രമിക്കാനും രാധാകൃഷ്ണൻ ഒട്ടും മടിച്ചില്ല. ഇതേക്കുറിച്ച് പോലീസ് കേസ് നിലവിലുണ്ട്. മാദ്ധ്യമപ്രവർത്തക നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
രാധാകൃഷ്ണനും ആക്രമിക്കപ്പെട്ട വനിതയും ജോലിചെയ്യുന്ന മാദ്ധ്യമ സ്ഥാപനം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. പിന്നാലെ , അവിടെ പ്രൂഫ് റീഡർ ആയി പ്രവർത്തിച്ചിരുന്ന അയാളെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. ഇതുവരെ രാധാകൃഷ്ണനെ ജോലിയിൽ തിരിച്ചെടുത്തിട്ടുമില്ല.
രാധാകൃഷ്ണനും ആ മാധ്യമപ്രവർത്തകയും അംഗങ്ങൾ ആയ കെ.യു.ഡബ്ല്യു.ജെ അന്വേഷണ വിധേയമായി പ്രതിയെ സസ്പെന്‍ഡ് ചെയ്യുകയും, തുടർന്ന് അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.യു.ഡബ്ല്യു.ജെയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
എന്‍.ഡബ്ല്യു.എം.ഐയുടെ നേതൃത്വത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണയോടെ 2019 ഡിസംബറിൽ പ്രസ് ക്‌ളബിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
ഇതിനെതിരെ രാധാകൃഷ്‌ണൻ കോടതിയെ സമീപിച്ചതിൽ അനുകൂല വിധി വന്നു എന്ന അവകാശവാദത്തിൽ ഏപ്രിൽ 2021 മുതൽ അയാൾ വീണ്ടും പ്രസ് ക്ലബിൽ സജീവമാവുകയും രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിട്ടു സ്വന്തം കുറ്റകൃത്യം വെള്ള പൂശാൻ ശ്രമം തുടങ്ങി. ഈ സമരത്തിൽ സജീവമായി ഇടപെട്ട വനിത മാധ്യമ പ്രവർത്തകരെ വ്യക്തിഹത്യ നടത്തുകയും അവർക്കെതിരെ അശ്ലീല അപവാദ പ്രചാരങ്ങൾ അഴിച്ചു വിടുകയും ചെയ്തു.
രാധാകൃഷ്‌ണന്റെ ക്ഷണം സ്വീകരിച്ച് അയാൾക്കൊപ്പം വേദി പങ്കിട്ട് അയാൾക്ക് വിശ്വാസ്യത പകരാൻ, അറിഞ്ഞോ അറിയാതെയോ , പല സമുന്നതരാഷ്ട്രീയനേതാക്കളും ഒരുമ്പെടാറുണ്ട്. ചിലരെങ്കിലും , തക്ക സമയത്ത് , അയാളുടെ ക്രിമിനൽ ഐഡന്റിറ്റി ബോദ്ധ്യപ്പെട്ടതോടെ , ആ അബദ്ധത്തിൽ ചെന്ന് പെടാതിരുന്നിട്ടുണ്ട് . എ കെ ആന്റണി , കാനം രാജേന്ദ്രൻ , ബിനോയ് വിശ്വം, ശിവൻകുട്ടി എന്നിവർ ഇക്കാര്യത്തിൽ വിവേചനബുദ്‌ധി കാട്ടി.
അതേസമയം , രമേശ് ചെന്നിത്തലയ്ക്ക് നേരത്തെയും , എ വിജയരാഘവൻ , ആന്റണി രാജു എന്നിവർക്ക് കഴിഞ്ഞ ദിവസവും, ഇക്കാര്യത്തിൽ , ജാഗ്രതക്കുറവുണ്ടായി എന്നും എന്‍.ഡബ്ല്യു.എം.ഐ പറയുന്നു.
















