ജറുസലേം: ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പിന്റെ ഗാസയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗാസയിലെ ഇസ്ലാമിക് ജിഹാദിന്റെ സായുദ്ധ കമാന്‍ഡറായിരുന്ന ഹുസം അബു ഹര്‍ബീദാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഇസ്രയേല്‍ സേന അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ ഇയാളുടെ വീടും തകർന്നിട്ടുണ്ട്.
ഇസ്രയേല്‍ സിവിലിയന്‍മാര്‍ക്കെതിരായ നിരവധി ആന്റി-ടാങ്ക് മിസെെല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹര്‍ബീദ് ഉണ്ടെന്ന് സെെന്യം പ്രസ്താവനയില്‍ അറിയിച്ചു. ഇയാളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
15 വർഷമായി ഇസ്രായേൽ സൈനികർക്കും സാധാരണക്കാർക്കുമെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയിരുന്നത് വടക്കൻ ഗാസയിലെ തീവ്രവാദ സംഘടനയുടെ നേതാവായിരുന്ന ഹുസം അബു ഹർബീദാണ്. അടുത്തിടെ ഒരു ഇസ്രായേലി പൗരന് പരിക്കേറ്റ മിസൈൽ ആക്രമണത്തിനു പിന്നിലും ഹുസം അബു ഹർബീദിനു പങ്കുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു .
അതേസമയം, ഗാസയിൽ നിന്നുള്ള റോക്കറ്റ് അഷ്ദോഡിലെ ഒരു വീട്ടിൽ പതിച്ചതിനെ തുടർന്ന് നിരവധി ഇസ്രായേലികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
















