തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ ശരാശരി കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. ചില ജില്ലകളിൽ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും പൊതുവിൽ കൊവിഡ് കേസുകൾ കുറയുന്നുണ്ട്. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ധര്‍. എന്നാല്‍ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ അത് 35919 ആയി കുറഞ്ഞു. എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നുണ്ട്. എന്നാൽ, പൊതുവിൽ കേസുകൾ കുറയുന്നു. 444000 വരെ എത്തിയ ആക്ടീവ് കേസുകൾ 362315 ആയി കുറഞ്ഞു.
ആഴ്ചകൾക്ക് മുൻപ് ബാധിച്ച രോഗബാധയാണ് പിന്നീട് കണ്ടെത്തുന്നത് എന്നതിനാൽ ലോക്ക്ഡൗൺ എത്രത്തോളം ഫലം ചെയ്തു എന്ന് അടുത്ത ദിവസങ്ങളിൽ കൃത്യമായി അറിയാം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. ലോക്ക്ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവൂ ഗുണം ചെയ്തുവെന്ന് കരുതണം.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയിലാണ് ലോക്ഡൗണ്‍ നടപ്പാക്കി വരുന്നത്. ജനങ്ങള്‍ പൂര്‍ണ സഹകരണത്തിലാണ്. വളരെ കുറച്ചു പേര്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കോവിഡ് ബാധിതരും പ്രൈമറി കോണ്‍ടാക്ട് ആയവരും വീടിനുള്ളില്‍ കഴിയുന്നെന്ന് ഉറപ്പാക്കാനായി. ഈ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് വരെ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ടുള്ള നിരന്തര നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ശന പരിശോധനയാണ് റോഡില്‍ നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും പൊതുവേ എല്ലാവരും ഇതുമായി സഹകരിക്കുകയാണ്. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അല്‍പം ശുഭകരമായ കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















