എറണാകുളം: ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം എറണാകുളത്തിന് സ്വന്തം. നാളെ മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ചികിത്സാകേന്ദ്രത്തില്‍ 100 ഓക്‌സിജന്‍ ബെഡുകളാണുള്ളത്. എന്നാല്‍ അടുത്ത ഘട്ടമായി അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും, തുടര്‍ന്ന് 8 ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കും. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.
130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കുമെന്നും നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എല്‍ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും നേരിട്ട് ഓക്‌സിജന്‍ ലഭ്യമാക്കും. ഇതു വഴി ഓക്‌സിജന്‍ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്‌നങ്ങളും ക്ഷാമവും പരിഹരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.















