ബാറില്‍ വെച്ച് വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് എത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും. മാലിദ്വീപില്‍ താജ് കോറല്‍ റിസോര്‍ട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇരുവരും.
വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും തങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമാണുള്ളതെന്നും താരങ്ങള്‍ വ്യക്തമാക്കി. ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല, സ്ലേറ്റര്‍ പറയുന്നു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത് എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് എന്തും എഴുതി പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു. ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങാനാവാതെ മാലിദ്വീപില്‍ തങ്ങുന്ന 38 അംഗ ഓസീസ് സംഘത്തിന്റെ ഭാഗമാണ് സ്ലേട്ടറും വാര്‍ണറും. രണ്ടാഴ്ച അവര്‍ മാലിദ്വീപില്‍ ക്വാറന്റൈനില്‍ തുടരണം.
















