കണ്ണൂർ: ഡിസിസി ജനറൽ സെക്രട്ടറിയായ മഹിളാ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ അർധരാത്രി ബോംബേറ്. തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ കെ. നബീസ ബീവിയുടെ തൃച്ചംബരത്തുള്ള വീടിനു നേരെയാണ് ബോംബേറ്. ഇന്നലെ അർധരാത്രിയോടെ ബോംബേറുണ്ടായത്.
ശക്തമായ സ്ഫോടനത്തിൽ ജനൽ ഗ്ലാസുകളും വാതിലും തകർന്നു. ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ദേശീയപാതയോരത്താണ് നബീസ ബീവിയുടെ വീട്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന വാർഡാണ് ഇവരുടേത്.
നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നബീസ സജീവമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്റ്റീൽ ബോംബാണ് ഉപയോഗിച്ചതെന്ന് കരുതുന്നു