കൊറോണ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അടിയന്തിര മെഡിക്കല്‍ സഹായമായി ഖത്തറിലെ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഐസിബിഎഫിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയച്ചു. ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെത്തിക്കുന്നത്. 200 ഓക്സിജന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സു മടങ്ങുന്നതാണ് ഷിപ്മെന്‍റ്. ഷിപ്മെന്‍റ് വഹിച്ച് കപ്പല്‍ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍, ഐസിബിഎഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാന്‍ തുടങ്ങിയവര്‍ കപ്പലിനെ യാത്രയാക്കി.
ഖത്തര്‍ എയര്‍വേയ്സും GWC കമ്പനിയും ചേര്‍ന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ കണ്ടെയ്നറുകല്‍, മെഡിക്കല്‍ എയര്‍കംപ്രസ്സറുകള്‍, ഇഞ്ചക്ഷന്‍ ടോസിലിസുമബ് എന്നിവയാണ് സംഭാവനയായി സ്വീകരിക്കുന്നത്. മെയ് അവസാനം വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ ഇത്തരം വസ്തുക്കള്‍ ജിഡബ്യൂസി ഖത്തര്‍ ലോജിസ്റ്റിക് വില്ലേജില്‍ സ്വീകരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സംഭരിക്കുന്ന വസ്തുക്കള്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വഴി ഡല്‍ഹിയിലെത്തിച്ച് റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറും.