തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ തങ്ങള്‍ പൂര്‍ണമായും മാനിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഭരണ തുടർച്ച നേടിയ പിണറായി സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കും. പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ ധ്രുവീകരണത്തിനുള്ള നീക്കം നടന്നു. പാലക്കാടും, കഴക്കൂട്ടത്തും മുസ്ലീം ധ്രുവീകരണം നടന്നു. കഴക്കൂട്ടത്ത് മുസ്ലിം വോട്ടുകൾ കടകംപള്ളിയ്ക്ക് ലഭിച്ചെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി തുടര്‍ന്നും മുമ്പോട്ട് പോകും. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി ശക്തമായി മുന്നോട്ട് പോകുകയെന്ന നിലപാടാകും സ്വീകരിക്കുക.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ പതിനായിരം വോട്ടുകള്‍ അധികം നേടിയിട്ടും എഴുനൂറോളം വോട്ടുകള്‍ക്ക് തോറ്റു. പാലക്കാട് ഇ.ശ്രീധരനെ പരാജയപ്പെടുത്താന്‍ മുസ്ലിം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും സുരേന്ദ്രന് ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം നടത്താൻ എൻഡിഎയ്ക്ക് കഴിഞ്ഞു. ജനങ്ങളുടെ വിഷയം മാത്രമാണ് തെരഞ്ഞെടുപ്പിലുടനീളം ചർച്ച ചെയ്തത്. ജനങ്ങൾക്കിടയിൽ ഇനിയും ശക്തമായ പ്രതിപക്ഷമായി തുടരും. സിപിഎമ്മിനെതിരെയും അഴിമതിയ്‌ക്കെതിരെയും പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.