ന്യൂഡല്‍ഹി: ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 4 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ കീഴ്പ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
87 റൺസെടുത്ത് പുറത്താവാതെ നിന്ന കീറോൺ പൊള്ളാർഡ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ കീറോൺ പൊള്ളാർഡിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് വിജയത്തിലെത്തിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 24 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സെടുത്തു. ഡിക്കോക്ക് 28 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 38 റണ്‍സും, ക്രുനാല്‍ പാണ്ട്യ 23 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്തു.
ചെന്നൈക്കായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അര്‍ധ സെഞ്ചുറി നേടിയ മോയിന്‍ അലിയുടെയും ഫാഫ് ഡുപ്ലെസിയുടെയും അമ്പാട്ടി റായുഡുവിന്റെയും മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തത്.
ഡുപ്ലെസി 28 പന്തില്‍ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 50 റണ്‍സെടുത്തു. മോയിന്‍ അലി 36 പന്തുകള്‍ നേരിട്ട് അഞ്ചു വീതം സിക്സും ഫോറുമടക്കം 58 റണ്‍സ് നേടി.
തുടര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 200 കടത്തിയത്. 27 പന്തുകള്‍ നേരിട്ട റായുഡു ഏഴു സിക്സും നാലു ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 22 റണ്‍സെടുത്തു.