ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ ഇന്നും നിശിതമായ ചോദ്യങ്ങൾ സുപ്രിംകോടതിയിൽ നിന്നുണ്ടായി. കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയവും വിതരണവും കേന്ദ്രസര്‍ക്കാര്‍ വാക്സിൻ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ വാങ്ങുന്നത് കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാര്‍ക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടരാത്തത്- കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങാത്തതെന്താണ്? നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.
കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടുവിലയ്ക്ക് വാക്‌സിന്‍ വില്‍ക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയര്‍ത്തി. വാക്‌സിന് എന്തുകൊണ്ടാണ് കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും രണ്ടുവില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്സിന്‍ രജിസ്ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു.കോവിഡ് പ്രതിസന്ധി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ