ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും എന്ന് സൂചന. കൊറോണ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബിസിസിഐ വൃത്തങ്ങള്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ലോകകപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഐസിസിയുമായി ആലോചിച്ച ശേഷമാകും പുറത്തുവിടുക.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും തീരുമാനം. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് ലക്ഷത്തില്‍ അധികം പേര്‍ മരിച്ചു. പ്രതിദിനം കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. രോഗവ്യാപനം രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടത്താനിരുന്ന ടി20 ലോകകപ്പും കൊറോണ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്നു.
നിലവില്‍ രാജ്യത്ത് പണസമ്പന്നമായ ടി20 ക്രിക്കറ്റ് ലീഗ്, ഐപിഎല്‍ പുരോഗമിക്കുകയാണ്. കൊറോണ പശ്ചാത്തലത്തില്‍ ആശങ്ക ഉയരുന്നുണ്ടെങ്കിലും സീസണ്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഐപിഎല്‍ ഫൈനല്‍ മത്സരം മെയ് 30ന് മൊട്ടേരിയല്‍ നടക്കും.