ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴു വിക്കറ്റ് വിജയം. സൺറൈസേഴ്സ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ മറികടക്കുകയായിരുന്നു. 75 റൺസടിച്ച ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഫാഫ് ഡുപ്ലെസി 56 റൺസെടുത്തു. ഹൈദരാബാദിനായി റാഷിദ് ഖാൻ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ചെന്നൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
നേരത്തെ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിങ് മികവാണ് ഹൈദരാബാദിനെ തുണച്ചത്. ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയ ചെന്നൈ ബൗളര്‍മാര്‍ അവസാന മൂന്നു ഓവറില്‍ കളി കൈവിട്ടു. അവസാന 18 പന്തില്‍ 44 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്..
10 പന്തില്‍ 26 റണ്‍സ് അടിച്ച കെയ്ന്‍ വില്ല്യംസണും നാല് പന്തില്‍ 12 റണ്‍സ് നേടിയ കേദര്‍ ജാദവും അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ സ്‌കോറിങ് വേഗത കൂട്ടി. ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി രണ്ടും സാം കറന്‍ ഒരു വിക്കറ്റും നേടി.