ചെന്നൈ: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി.
കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി വിമര്‍ശിച്ചു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അതേസമയം, കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയാണെന്ന് കുറ്റപ്പെടുത്തിയ കോടതി വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2812 മരണവും റിപ്പോര്‍ട്ട് ചെയ്തു.