കൊൽക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ ഏറെ നാളായി അലട്ടിയിരുന്നു.
ഏപ്രിൽ 14ന് കോവിഡ് ബാധിതനായ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
ബംഗാളിയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടത്. ബംഗാളിസാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കവികളില്‍ ഒരാള്‍കൂടിയായിരുന്നു ശംഖ ഘോഷ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയതാത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ഭരണകൂടങ്ങള്‍ മാറിവന്നപ്പോഴും ജനവിരുദ്ധനിലപാടുകള്‍ സ്വീകരിച്ചവരോടെല്ലാം പ്രതികരണങ്ങളുമായി ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ലഭിച്ചിട്ടുണ്ട്.
രവീന്ദ്ര പുരസ്കാരം, സരസ്വതി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.