ന്യൂഡല്‍ഹി: കോവിഡ് ബാധിതനായ രാഹുല്‍ ഗാന്ധിയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
എത്രയും വേഗം രാഹുല്‍ കോവിഡ് രോഗമുക്തനാവട്ടെയെന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രമേഷ് പൊക്രിയാലും ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുന്‍പ്രസിഡന്റും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത് വളരെ ഞെട്ടലോടെയാണ് കേട്ടതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു. എത്രയും വേഗം രോഗമുക്തനാവട്ടെയെന്നും എല്ലാവരും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഹരിയാനയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.
‘ഡല്‍ഹിയില്‍ സ്ഥലം ലഭിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന് ഹരിയാനയിലേക്ക് വരാം. ഞങ്ങള്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കും’-അനില്‍ വിജ് പറഞ്ഞു.
നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുലിന് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരിഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.