ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്നിന്റെ വിലകുറച്ചു. മരുന്ന് കമ്പനികളുടെ നടപടി കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.
മരുന്നിന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കഡില ഹെൽത്ത്‌കെയർ പുറത്തിറക്കുന്ന 2800 രൂപ വന്നിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. സിൻജീൻ ഇന്റർനാഷണൽ പുറത്തിറക്കുന്ന റെംവിന്നിന് 3950 ൽ നിന്ന് 2450 രൂപയായി. വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിർ മരുന്നിന്റെ പുതുക്കിയ വില സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് എല്ലാ മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും അയച്ചുനല്‍കിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ ഇത് നിലവില്‍വരും.
ഇന്ത്യയില്‍ കോവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും പ്രതിദിന രോഗബാധ രണ്ട് ലക്ഷം കടക്കുകയും ചെയ്തതോടെയാണ് റെംഡെസിവിറിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. മരുന്ന് പൂഴ്ത്തിവെപ്പ് നടത്തുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മരുന്ന് വില കുറയ്ക്കുന്നത് സംബന്ധിച്ച് മരുന്ന് കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നു.