ഹരിദ്വാര്‍: ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. മുഖ്യ പുരോഹിതരില്‍ ഒരാളായ സ്വാമി അവദേശ്വാനന്ദ് ഗിരിയാണ് ഇക്കാര്യം അറിയിച്ചത്. ജുന അഖാഡയിലെ അംഗമാണ് സ്വാമി അവദേശ്വാനന്ദ് ഗിരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.
ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിമഞ്ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ജുന അഖാഡ കുംഭമേളയില്‍ നിന്ന് പിന്മാറുകയാണെന്ന് സ്വാമി അവദേശ്വാനന്ദ അറിയിച്ചു.
കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു.
അതേസമയം, യു.പി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കുംഭമേള കഴിഞ്ഞെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ക്വാറന്‍റീനും നിര്‍ബന്ധിത കോവിഡ് പരിശോധനയും തീര്‍ഥാടകര്‍ക്ക് നടത്തുമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചു.