കൊല്‍ക്കത്ത: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. പ്രചാരണങ്ങള്‍ക്കും പൊതു യോഗങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. പ്രചാരണത്തിനുള്ള മാർഗ്ഗനിർദ്ദേശം ലംഘിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും കമ്മീഷൻ നല്കി.
വൈകീട്ട് ഏഴ് മുതല്‍ പിറ്റേ ദിവസം രാവിലെ പത്ത് മണി വരെ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. യോഗങ്ങളും നടത്തരുതെന്നാണ് നിര്‍ദ്ദേശം. നിശബ്ദ പ്രചാരണത്തിന്റെ സമയം 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായും നീട്ടിയിട്ടുണ്ട്. റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
പശ്ചിമ ബംഗാളിൽ ഒരു രാഷ്ട്രീയ പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് കാലത്തെ പ്രത്യേക നിർദ്ദേശങ്ങൾ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രത്യേക യോഗം വിളിച്ചത്. നാളെയാണ് പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ്. അതിനു ശേഷം ബാക്കിയുള്ള ആറ്, എഴ്, എട്ട് ഘട്ടങ്ങൾ ഒന്നിച്ചാക്കണം എന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ടു വച്ചത്. ഇന്ന് തൃണമൂൽ നിലപാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാധ്യമല്ലെന്ന് കമ്മീഷൻ പാർട്ടികളെ അറിയിച്ചു.
എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ അരങ്ങേറും.
ഏപ്രില്‍ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സീതാല്‍കുച്ചിയില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ മരിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ അക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. സംസ്ഥാനത്ത് അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 17നും, ആറാംഘട്ടം 22നും, ഏഴാംഘട്ടം 26നും, എട്ടാംഘട്ടം 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
















