വിളർച്ച പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. ഈ പോഷകാഹാരക്കുറവ് ഏതൊരാളെ വേണമെങ്കിലും ബാധിക്കുമെങ്കിലും കുട്ടികളിലും ഗർഭിണികളിലും പ്രസവിക്കാൻ പ്രായമായ സ്ത്രീകളിലും കൂടുതലായി കാണപ്പെടുന്ന പ്രശ്നമാണ്. ഇന്ത്യയിൽ, വിളർച്ച അഥവാ അനീമിയയാണ് മാതൃമരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല, പുരുഷന്മാരേയും ബാധിക്കുന്നതാണ്.
ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ അഭാവം അല്ലെങ്കിൽ രക്തത്തിൽ ഹീമോഗ്ലോബിൻ കുറവ് വരുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വിളർച്ച.
ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12, പ്രോട്ടീൻ, അമിനോ ആസിഡുകൾ, വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് ഗ്രൂപ്പിലെ മറ്റ് വിറ്റാമിനുകൾ എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ അപര്യാപ്തതയാണ് പ്രധാനമായും വിളർച്ച ഉണ്ടാകുന്നതിന് കാരണമാകുന്നത്. വിളർച്ചയുടെ ഏറ്റവും സാധാരണ കാരണം ഇരുമ്പിന്റെ കുറവാണ്.
വിളർച്ച പുരുഷന്മാരിലും പതിവ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പുരുഷ വിളർച്ച പോഷകാഹാരക്കുറവിന്റെ അന്തർജനന ചക്രത്തെ ബാധിക്കുന്നില്ലെങ്കിലും, ഇത് മൊത്തത്തിലുള്ള പ്രവർത്തനത്തെയും അവരുടെ പ്രകടനത്തെയും ജീവിത നിലവാരത്തെയും സാരമായി ബാധിച്ചേക്കാം.
ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് എല്ലാ പ്രായക്കാർക്കുമിടയിൽ വിളർച്ചയ്ക്ക് ഒരു പ്രധാന കാരണമാണ്. ഇന്നത്തെ കാലത്ത് നമ്മുടെ ഭക്ഷണശീലങ്ങൾ മാറി. പച്ച ഇലക്കറികളുടെയും പോഷകങ്ങൾ കൂടുതലുള്ള പഴങ്ങളുടെയും ഉപഭോഗം കുറയുന്നത് പ്രശ്‌നത്തെ വർദ്ധിപ്പിക്കുന്നു.
ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള സപ്ലിമെന്റുകൾ ലഭ്യമാണെങ്കിലും, ഈ സപ്ലിമെന്റുകൾ മാത്രം കഴിക്കുന്നത് വിളർച്ച ഒഴിവാക്കാൻ സഹായിക്കില്ല. കൗമാരക്കാർക്കിടയിൽ വിളർച്ച തടയുന്നതിനോ പരിഹരിക്കുന്നതിനോ ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ മാത്രം നൽകുന്നത് അപര്യാപ്തമാണ്. മറ്റ് രക്തം രൂപപ്പെടുത്തുന്ന പോഷകങ്ങൾ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഒരുപോലെ പ്രധാനമാണ്.
ഇരുമ്പിനു പുറമെ, മറ്റ് പോഷകങ്ങൾ വിളർച്ചയെ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്നു, ഇവയിൽ വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, വിറ്റാമിൻ സി, ഫോളേറ്റ്, പ്രോട്ടീൻ എന്നിവ ഉൾപ്പെടുന്നു. ഈ പോഷകങ്ങൾ രക്തം രൂപപ്പെടുന്ന പ്രക്രിയയിൽ സജീവമായി ഉൾപ്പെടുന്നു.
അനീമിയ അഥവാ വിളർച്ച പല വിധത്തിലാണുള്ളത്. ശരിയായ ഭക്ഷണത്തിലൂടെ സ്ത്രീകൾക്ക് ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച, വിറ്റാമിൻ കുറവു മൂലമുള്ള വിളർച്ച എന്നിവ തടയാനോ കുറയ്ക്കാനോ കഴിയും.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വിളർച്ച സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഗർഭ പരിശോധനകളിലോ മറ്റ് സ്ക്രീനിംഗുകളിലോ ആണ് സ്ത്രീകളിൽ ഇത് കൂടുതലും കണ്ടുപിടിക്കുന്നതെങ്കിലും പുരുഷന്മാർക്കിടയിൽ പലപ്പോഴും ഇത് അവഗണിക്കപ്പെടുന്നു. അതിനാൽ, ഇരുമ്പ് അല്ലെങ്കിൽ വിറ്റാമിൻ കുറവുമായി ബന്ധപ്പെട്ട വിളർച്ച തടയാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.