വാഷിംഗ്ടണ്‍: രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ & ജോണ്‍സന്റെ വാക്‌സിന് ഉപയോഗത്തിന് താല്കാലിക വിലക്കേര്‍പ്പെടുത്തി അമേരിക്ക. ജോണ്‍സണ്‍ & ജോണ്‍സന്റെ വാക്‌സിന് ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ യുഎസ് ഡ്രഗ്സ് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടന്നുവരികയാണ്.
വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘ഇന്ന് എഫ്ഡിഎയും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനാല്‍ ഈ വാക്‌സിന്റെ ഉപയോഗം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുകയാണ്.’ഫുഡ് ആന്‍ഡ് അഡ്മിനിസട്രേഷന്‍ ട്വീറ്റ് ചെയ്തു.