നടന്‍ ഫഹദ് ഫാസിലുമായി യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്ന് വ്യക്തമാക്കി ഫിയോക്. താരം അഭിനയിക്കുന്ന ചിത്രങ്ങള്‍ തീയറ്ററുകളില്‍ തങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫിയോക്ക് എന്ന സംഘടന തീയറ്ററുകളില്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണുകയുണ്ടായി. ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസില്‍ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ല. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്.
അതേസമയം, ഒടിടി പ്ലാറ്റുഫോമുകളില്‍ ഫഹദ് ഫാസിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നടനെ ഫിയോക് വിലക്കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സംഘന രംഗത്തെത്തിയിരിക്കുന്നത്.