തിരുവനന്തപുരം : കോവിഡ് തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു. കൊറോണയ്ക്ക് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ശബ്ദവും നഷ്ട്ടമായി.
രോഗം വരാതെയിരിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അതീവ ജാഗ്രതയിലായിരുന്നു താരം. എന്നാല്‍ ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങില്‍ പങ്കെടുക്കാന്‍ പോയതോടെ സ്ഥിതി മറ്റൊന്നായി. അവിടെ നിന്നാണ് അദ്ദേഹത്തിന് കോവിഡ് പിടിപെടുന്നത്. കെബി.ഗണേഷ്‌കുമാര്‍ അന്ന് അവിടെ പങ്കെടുത്തിരുന്നു. പിറ്റേന്നു ഗണേശ് കുമാറിനു കോവിഡ് പോസിറ്റീവായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനു തലവേദനയും ചുമയും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു.
പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്കും അടുത്ത വില്ലനായി ന്യൂമോണിയയും പിടിപെട്ടു. പിന്നീട് ശബ്ദവും നഷ്ടമായി. രോഗം മാറുന്നതോടെ ശബ്ദം തിരികെ വരുമെന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍മാര്‍ ആശ്വസിപ്പിച്ചു. 18 ദിവസമാണ് ആശുപത്രിയില്‍ കിടക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 25ന് ആശുപത്രി വിട്ടെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രാജുവിന്റെ പരിചിത ശബ്ദത്തിനു പകരം മറ്റൊന്നാണു പുറത്തു വന്നിരുന്നത്. ക്രമേണ ശബ്ദം വീണ്ടു കിട്ടി. ഇപ്പോള്‍ 70 ശതമാനവും പഴയ ശബ്ദം ആയിട്ടുണ്ടെന്ന് നടന്‍ പറയുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. രോഗത്തെ തുടര്‍ന്നുണ്ടായ ക്ഷീണം വിട്ടുമാറിയിട്ടില്ല. നന്നായി ഭക്ഷണം കഴിച്ചു വിശ്രമിക്കുകയാണ്.
പ്രതിസന്ധി ഘട്ടത്തില്‍ മനസ്സ് ദുര്‍ബലമാകാതെ പിന്തുണച്ച ഡോക്ടര്‍മാര്‍ക്കും , കാവലായി നിന്ന ഈശ്വരന്മാര്‍ക്കും നന്ദി പറയുകയാണ് മണിയന്‍പിള്ള രാജു.