ബംഗ്ലൂരു:കോൺഗ്രസ്സിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങി സദാനന്ദ ഗൗഡ.ബിജെപി വിടാനൊരുങ്ങി കർണാടക മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ.കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുമെന്ന് സൂചന.ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ സദാനന്ദഗൗഡ കടുത്ത അമർഷത്തിലായിരുന്നു.
കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സദാനന്ദ ഗൗഡയുമായി ചർച്ചകൾ നടത്തി വരികയാണ്. മൈസൂരിൽ നിന്ന് മുൻ രാജകുടുംബാംഗം യദുവീർ വൊഡെയാർക്കെതിരെ സദാനന്ദ ഗൗഡ കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
2014 മുതൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ദക്ഷിണ കന്നടയിൽ നിന്നുള്ള മുതിർന്ന നേതാവ് സദാനന്ദ ഗൗഡ. വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഗൗഡ ഭാരതീയ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്, ലോക്സഭാംഗം, കർണാടക മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ബംഗ്ലൂരു നോർത്തിൽ നിന്നുളള സിറ്റംഗ് എംപിയായിട്ടും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസിലേക്ക് പോകുന്നതെന്നാണ് സൂചന.
ഒന്നാം മോദി സർക്കാരിലെ റെയിൽവേ മന്ത്രിയായിരുന്ന ഗൌഡയെ പിന്നീട് റെയിൽവേ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പാർട്ടിയിൽ നേരിടുന്ന അവഗണനയിലും ബിജെപിയുടെ ചില നടപടികളിലും കടുത്ത വിമർശനമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പരസ്യപ്രതികരണം നടത്തിയിരുന്നു.