ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരു ഉള്‍പ്പെടെ എട്ടു നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരിക്കും കര്‍ഫ്യു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണു കര്‍ണാടക സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.
ബംഗളൂരു, മൈസൂരു, മംഗളൂരു, കലബുര്‍ഗി, ബിദാര്‍, തുമക്കുരു, മണിപ്പാല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യു. അവശ്യ സര്‍വീസുകള്‍ക്കു നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദീയൂരപ്പ അറിയിച്ചു.
ജില്ല ആസ്ഥാനങ്ങളിലാണ് നിയന്ത്രണമെന്നും പകല്‍ സമയത്ത് നിയന്ത്രണമില്ലെന്നും ലോക്ഡൗണ്‍ അല്ലെന്നും യെദിയൂരപ്പ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കൊറോണ കര്‍ഫ്യു ആണെന്നും നിയന്ത്രണ വിധേയമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നിയന്ത്രണം വ്യാപിപ്പിക്കേണ്ടി വരുമെന്നും യെദിയൂരപ്പ പറഞ്ഞു.
മാസ്ക് ധരിക്കാത്തവരില്‍നിന്ന് 250 രൂപ പിഴയീടാക്കും. കര്‍ഫ്യു സമയത്ത് അവശ്യ സര്‍വിസില്‍ ഉള്‍പ്പെടാത്ത വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം. പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. പ്രതിദിന പരിശോധന 1.20 ലക്ഷത്തിന് മുകളിലായി. ഇതുവരെ 53 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് വാക്സിന്‍ നല്‍കി.