കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാലാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഹൗറ, സൗത്ത് 24 പര്‍ഗാന, ഹൂഗ്ലി, കൂച്ച് ബെഹാര്‍, അലിപുര്‍ദ്വാര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന 44 മണ്ഡലങ്ങളിലാണ് മറ്റന്നാള്‍ തെരഞ്ഞെടുപ്പ് നടക്കുക.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ വിവിധ മേഖലകളില്‍ റോഡ് ഷോ നടത്തി. ജയ് ശ്രീറാം മുഴക്കുന്നത് എതിര്‍ക്കുന്ന മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് രണ്ടിന് ശേഷം ജയ് ശ്രീറാം വിളിച്ചുതുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പശ്ചിമ ബംഗാളിന്റെ സഹോദരിമാരെ സംരക്ഷിക്കാന്‍ യുപി മോഡലില്‍ ആന്റി റോമിയോ സ്‌ക്വാഡുകള്‍ രൂപീകരിക്കും. എല്ലാ തൃണമൂല്‍ റോമിയോകളെയും ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
നാടിന്റെ ചരിത്രം മാറ്റിയെഴുതി അവരുടെ അജന്‍ഡ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്ത് നോട്ടിസ് നല്‍കിയാലും ഒത്തൊരുമയോടെ വോട്ട് ചെയ്യാന്‍ മാത്രമേ താന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുള്ളുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.