വെറും 30 സെക്കന്‍ഡ് കൊണ്ട് ഒരുപാട് പേരുടെ ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ‘ജാനകിയും നവീനും’. കഴിഞ്ഞദിവസം പുറത്ത് വന്ന ജാനകിയുടെയും നവീന്റേയും ഡാന്‍സ് വീഡിയോ ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ‘പ്രശസ്തമായ റാ..റാ റാസ്പുട്ടിന്‍.. ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍’ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്താണ് ഇവര്‍ ചുവട്‌വെച്ചത്. നവീന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് നിമിഷ നേരങ്ങള്‍കൊണ്ട് തരംഗമായി മാറിയത്.
തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കിനുമെതിരെ സാമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം കനക്കുകയാണ്. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെയുള്ള വിദ്വേഷ പ്രചാരണം. കാരണം പേരിനൊടൊപ്പമുള്ള വാലുകള്‍ തന്നെ. ജാനകി എം ഓംകുമാര്‍, നവീന്‍ കെ റസാക്ക്.
ജാനകിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നുവെന്നാണ് മറ്റു ചിലരുടെ കമന്റ്. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് മതംമാറ്റം കൂടുതലായി നടക്കുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്നും മറ്റ് ചിലര്‍ പറഞ്ഞുവെക്കുന്നു. വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും ഇസ്ലാം മതത്തിലെ ഒരു പെണ്‍കുട്ടിയെ ഇങ്ങനെയുള്ള പരിപാടികള്‍ക്ക് കാണാത്തത് എന്തുകൊണ്ടാണെന്നുമുള്ള കമന്റുകളും കുറവല്ല.
ഇതൊന്നും പോരാത്തതിന് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് ഈ കുട്ടിയുടെ മാതാപിതാക്കള്‍ അംഗീകരിച്ച ബന്ധമാകാന്‍ സാധ്യതയുണ്ടെന്നും പുരോഗമന നവോത്ഥാന മാര്‍ക്സിസം തലയ്ക്കു പിടിച്ചവര്‍ ആകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഇവരുടെ അധിക്ഷേപം. ഇതിന് പുറമെ മെഡിക്കല്‍ കോളേജ് പാട്ടും ഡാന്‍സും ചെയ്യാനുള്ള സ്ഥലമല്ലെന്നും ഏറെ ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള മേഖലയാണെന്നും പാട്ടിന്റേയും ഡാന്‍സിന്റേയും അസുഖമുള്ളവര്‍ ടിസി വാങ്ങി വല്ല ആര്‍ട്സ് കോളേജിലും പോയി ചേരണമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവരും ഉണ്ട്.
എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. എന്തൊരു വൃത്തികെട്ട മനസിന് ഉടമയാണ് ഇത്തരം കമന്റിടുന്നവരെന്നും രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മനോഹരമായ ഒരു ഡാന്‍സ് കളിച്ചത് ആസ്വദിക്കുന്നതിന് പകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്നവരോട് എന്തുപറയാനാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യവും. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെ വരെ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറയാതെ വയ്യ. അഭിപ്രായ സ്വാതന്ത്ര്യം നമുക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അപമാനിക്കാനുമുള്ള അവകാശമായി കണക്കാക്കുന്നവരുണ്ട്. ഈ ആക്രമണം ഏറ്റവും കൂടുതലും നേരിടുന്നത് സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം.
ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറില്ല. അതുതന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഫോട്ടോകള്‍ക്ക് കമന്റുകളായും അല്ലാതെയും അശ്ലീലം പറയുന്നവരും അധിക്ഷേപിക്കുന്നവരും സമൂഹ മാദ്ധ്യമത്തില്‍ സജീവമാണ്.
ഒരോരുത്തരും ഒരോ വ്യക്തിത്വത്തിന് ഉടമയാണ്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ അഭിപ്രായം പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. ആയതിനാല്‍ ഇനിയും നൂറ് നൂറ് ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും മനോഹരമായ നൃത്തചുവടുകളുമായി എത്തട്ടേ.