കോല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് നടപടി. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് മമതയ്ക്കെതിരെ പരാതി നല്‍കിയത്.
പ്രചാരണത്തിനിടെ മുസ്ലീംങ്ങളുടെ വോട്ട് വിഭജിച്ച് പോകാതെ നോക്കണമെന്ന് മമത പറഞ്ഞിരുന്നു. മമതയോട് 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ഹൂഗ്ളി ജില്ലയിലെ താരകേശ്വറില്‍ നടന്ന പൊതുയോഗത്തില്‍ മമത പരസ്യമായി വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടുതേടിയതായി പരാതിയില്‍ പറയുന്നു.
“ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, പിശാചിന്റെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിനായി ബി.ജെ.പി നല്‍കിയ പണവുമായി സി.പി.എമ്മിലെയും ബി.ജെ.പിയിലെയും സഖാക്കള്‍ കറങ്ങുകയാണ്”- മമത പറഞ്ഞിരുന്നു.