റായ്പുര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചത്തീസ്ഗഡിലെ റായ്പുര്‍ ജില്ലയില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 19വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം ആറ് മുതല്‍ 19ന് രാവിലെ ആറ് വരെ സംസ്ഥാന തലസ്ഥാനമായ റായ്പുര്‍ ഉള്‍പ്പടെ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലോക്ക്ഡൗണായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഭാരതി ദാസന് അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയുടെ മുഴുവന്‍ അതിര്‍ത്തിയും അടച്ചിടും. മദ്യശാലകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ കടകളും അടയ്ക്കും. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്.
കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അതേസമയം, ടെലികോം, റെയില്‍വേ, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
എല്ലാ മത, സാംസ്കാരിക, ടൂറിസം സ്ഥലങ്ങളും അടച്ചിട്ടിരിക്കുമെന്നും എല്ലാത്തരം പൊതുയോഗങ്ങളും സാമൂഹിക, മത, രാഷ്ട്രീയ പരിപാടികളും ഈ കാലയളവില്‍ നിരോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. രാവിലെ ആറ് മുതല്‍ രാവിലെ എട്ട് വരെയും വൈകുന്നേരം അഞ്ച് മുതല്‍ 6:30 വരെയും പാലും പത്രങ്ങളും വിതരണം ചെയ്യാന്‍ അനുവദിക്കും. എല്‍പിജി സിലിണ്ടറുകളുടെ ഹോം ഡെലിവറിയും അനുവദനീയമാണ്.
റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാത്രം സര്‍വീസ് നടത്താന്‍ ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സര്‍വീസുകളെ അനുവദിക്കും.